Friday, January 9, 2009

A Story Written By my Father's BRO!!!!


യാത്രതീരും മുമ്പേ - ജെ. എം. കുറ്റിച്ചിറ
 
കണ്ണുതുറന്നപ്പോള്‍  കിടക്കുന്നത്‌ ഒരു വലിയ തൊട്ടിലില്‍ ആയിരുന്നു. നാലുഭാഗവും കമ്പിവേലികളാല്‍ അതിരിട്ടു വെള്ള വിരിച്ചിട്ട കട്ടില്‍. കൈകള്‍ രണ്ടും ബന്ധിക്കപ്പെട്ടിരിക്കുന്നു. ആ ബന്ധനത്തിന്റെ സ്‌പന്ദനം തലക്കുമുകളിലെ മോണിറ്ററില്‍ ഹൃദയതാളമായി മാറുന്നു. ഇടത്ത്‌ വശത്ത്‌ നാഡി മിഡിപ്പളക്കാന്‍ മറ്റൊരു മോണിറ്റര്‍. കമ്പ്യൂട്ടറില്‍ മാറി മാറി വരുന്ന ചിത്രങ്ങളും അക്കങ്ങളും മയക്കം വിട്ടിട്ടില്ലാത്ത കണ്ണുകളിലെ തുറക്കാനാവാത്ത പീലികളില്‍ ഉടഞ്ഞു. വീണ്ടും അടയാനുള്ള വെമ്പല്‍. തെന്നിയും വഴുതിയും വീഴുന്നത്‌ അബോധത്തിലേക്ക്‌. ഓര്‍മകളില്‍ മിഴിവുറ്റ ഒരൊറ്റ ചിത്രം പോലും തെളിയുന്നില്ല. തുറക്കാന്‍ ശ്രമിക്കവെ കൂമ്പി പോകുന്ന മിഴികകളില്‍ ഇരുട്ടു ചേക്കേറുന്നു.
മാരിവില്ലിന്റെ വര്‍ണ്ണരേണുക്കളില്‍ ഏതോ ഒന്ന്‌ ഇരുട്ടിന്റെ ആവരണത്തിന്‌ മുകളില്‍, ആ വര്‍ണ്ണപ്പൊലിമയില്‍ സുതാര്യമായൊരു വേളയിലെ ഓര്‍മ്മകള്‍ മാഞ്ഞുപോകുന്ന ഏതോ ഒരു നിമിഷം. ഭീതിയില്ലാത്ത, ആശങ്കകളില്ലാത്ത ശാന്തത. ഏതോ അഭൌമമായൊരനുഭൂതി. ശരീരം ഒരു പട്ടമായി ഉയരത്തിലേക്ക്‌, സ്വഛമായ മനസ്സില്‍ പക്ഷെ മറ്റൊരു ചിന്തയുമില്ല. യൂണിറ്റിന്റെ അടഞ്ഞ വാതിലുകള്‍ക്കു പിറകില്‍ അക്ഷമയോടെ കാത്ത്‌ നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍. പിന്നെയും ആരൊക്കെയോ ചിലര്‍.
ഉല്‍കണ്‌ഠയുടെ വിമൂക നിമിഷങ്ങള്‍.
ഒട്ടും വേദന തോന്നുന്നില്ല. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തോന്നിയ വിമ്മിട്ടമോ അസ്വസ്ഥതയോ ഇല്ല.
ശ്രമപ്പെട്ട്‌ കണ്ണുകള്‍ തുറന്നയാള്‍ ചുറ്റും നോക്കി. മാഞ്ഞു മറഞ്ഞ ചിത്രങ്ങളെ തിരിച്ചു കൊണ്ടുവരാന്‍ മനസ്സു കൊതിച്ചു. ഓര്‍ക്കാന്‍ എത്രയെത്ര കഥകള്‍, എത്രയെത്ര അനുഭവങ്ങള്‍. കടന്നുവന്ന പെരുവഴിയിലെ കനിവില്ലാത്ത ഉരുളന്‍ കല്ലുകളില്‍, വഴിയരികിലെ പാഴ്‌ ചെടികളിലെ കാരുണ്യമില്ലാത്ത മുള്‍മുനകളില്‍ ഉടക്കി നീങ്ങിയ യാത്ര, ചോരയൊലിക്കുന്ന ശരീരവും അവശമായ മനസ്സുമായി വീണ്ടും വീണ്ടും നടന്നു...... സഹായിക്കുവാന്‍, ആശ്വസിപ്പിക്കുവാന്‍ ആരുമുണ്ടായിരുന്നില്ല.
പെട്ടെന്നയാള്‍ക്ക്‌ നിയന്ത്രിണം വിട്ടുപോയി. അറിയാതെ ദീനമായൊരു ശബ്‌ദം അയാളില്‍ നിന്നുയര്‍ന്നു.കണ്ണുകളിലെ ചുടുനീര്‍ വീണു തലയണ നനഞ്ഞു. വിതുമ്പുന്ന ശബ്‌ദം അടക്കാനായില്ല.
ഓടിവന്ന പെണ്‍കുട്ടിക്ക്‌ അത്ഭുതം തോന്നി.ശാന്തമായ മനസ്സോടെ സ്വസ്ഥനായി കിടന്ന രോഗിക്ക്‌ പെട്ടെന്ന്‌- 
--``ഡോക്‌റെ വിളക്കണോ, വേദന വല്ലതും ?''
- ഒന്നും, ഒന്നും പറയാനായില്ല. അവള്‍ ഉല്‍കണ്‌ഠയോടെ വീണ്ടും -
-``വേദന വല്ലതും പറയൂ.. ഡോക്‌ടറെ വിളിക്കാം''-- 
-``വേണ്ട''
-``പിന്നെ, എന്തിനാ കരയുന്നത്‌?''
-``ഒന്നുമില്ല.ഞാന്‍...''
-``പറയൂ..എന്തായാലും പറയൂ''-
നിശബ്‌ദനായി നനഞ്ഞ കണ്ണുകളോടെ അവളുടെ മുഖത്തേക്കയാള്‍ നിര്‍ന്നിമേഷനായി ഉറ്റുനോക്കി.
-മൂടല്‍ മഞ്ഞില്‍ തെളിയാതെ കിടക്കുന്ന ആകാശം.
പതുക്കെ മുഖം തുടക്കാന്‍ ശ്രമിക്കവെ, മനസ്സിലായിട്ടാവണം അവള്‍ ചുടുവെള്ളത്തില്‍ ശീലനനച്ചു മുഖം തുടക്കുന്നു.
-മങ്ങിയ, മൂടികെട്ടിയ ആകാശം തെളിയുന്നുവല്ലോ -
പതുക്കെ, ശ്രദ്ധയോടെ ആ മുഖത്തേക്കയാള്‍ ഉറ്റുനോക്കി. അവിടെ ആകാശ ചെരുവിലെ പ്രകാശത്തിനു മധ്യത്തിലും നനഞ്ഞ പീലികള്‍...
പെട്ടെന്നാണ്‌ നിയന്ത്രണം വിട്ടുപോയത്‌. മുഖം പൊത്തി കമിഴ്‌ന്നു കിടന്നൊന്നു കരയാന്‍ പോലും പറ്റുന്നില്ല. എല്ലാം ഉള്ളിലൊതുക്കി ഇടറിയ ചുണ്ടില്‍ ബലം പിടിച്ചു വിതുമ്പലൊതുക്കാന്‍ ഏറെ കഷ്‌ടപ്പെടേണ്ടി വന്നു.
സാന്ത്വനത്തിന്റെ മൃദുസ്‌പര്‍ശം ശരീരത്തിലൊരു തൂവല്‍സ്‌പര്‍ശം. കണ്ണുകള്‍ അറിയാതെ അടഞ്ഞു പോയി... 
അച്ഛാ......
കാലം പൊയ്‌തൊഴിഞ്ഞ ഏതോ നിര്‍മ്മല മുഹൂര്‍ത്തത്തില്‍ മറവിയുടെ നിഗൂഢമായ ഇരുളിനെ പിളര്‍ന്നുകൊണ്ട്‌ ആത്മഹര്‍ഷത്തിന്റെ ചിറ്റോളമായി ആ ശബ്‌ദം.
അനങ്ങിയില്ല. ഒരിക്കല്‍ കൂടി ആ മൃദുസ്‌പര്‍ശത്തോടൊപ്പം വീണ്ടും -- അച്ഛാ....
മനസ്സില്‍ ഹര്‍ഷോന്‍മാദത്തിന്റെ ചിറകടികളുയരുകയായിരുന്നു. സ്‌നേഹം, ദയ, കാരുണ്യം എല്ലാം അന്യമായി മാത്രം കണ്ടിരുന്ന അയാള്‍ക്ക്‌ വേദനയുടെ തുടിപ്പായി, ഹൃദയത്തിന്റെ സ്‌പന്ദനമായി മാറി ആ ശബ്‌ദം.
നിറഞ്ഞ മനസ്സില്‍ ഇത്രകാലവും തെളിയാതെ കിടന്ന ഏതോ ഒരു രൂപം. ജീവന്റെ തുടിപ്പായി വര്‍ത്തമാനത്തിന്റെ യാഥാര്‍ത്ഥ്യമായി സാക്ഷാല്‍കാരത്തിന്റെ ആഹ്‌ളാദമായി...
ചക്രവാളത്തിലെ ഇരുട്ടിന്റെ ആവരണം നീങ്ങി. മനസ്സില്‍ മാരിവില്ലിന്റെ വര്‍ണ്ണപ്പൊലിമ മാത്രം -
എന്തോ എന്തിനോ അയാള്‍ അവളുടെ മുഖത്തേക്ക്‌ നോക്കി. നിസ്സഹായതയുടെ ആവരണം. പര്‍ദ്ദയണിഞ്ഞ ആ മുഖം ഏതോ ദുസ്വപ്‌നത്തിന്റെ പിടിയിലമര്‍ന്നപോലെ. ആ കണ്ണുകളില്‍ ഭയം സര്‍പ്പത്തിന്റെ പത്തിയായി വിടര്‍ന്നു.
-- മോളേ--
ജന്മാന്തരങ്ങളുടെ തീരങ്ങള്‍ക്കപ്പുറത്തുനിന്ന്‌ മുഴങ്ങി കേട്ട പിതൃത്വത്തിന്റെ ആദ്യ സ്വരം. ഇന്നോളം വിളിക്കാന്‍ കഴിയാതെ പോയ - 
വിറക്കുന്ന കൈകളുയര്‍ത്തി ചേലാര്‍ന്ന ആ മുഖത്തെ ഇനിയും ഇറ്റിവീണിട്ടില്ലാത്ത കണ്ണുനീര്‍ തുടക്കാന്‍ അയാള്‍ ശ്രമിച്ചു. സന്തോഷത്തോടെ മുഖം അയാള്‍ക്കരികിലേക്കവള്‍ അടുപ്പിച്ചു. 
ചെറിയൊരു പുഞ്ചിരിയോടെ അയാളെ തുറിച്ചുനോക്കി. പിന്നീടത്‌ അടക്കാനാവാത്ത സന്തോഷമായി മാറുകയായിരുന്നു.
പെട്ടെന്നാണ്‌, വളരെ പെട്ടെന്നാണവള്‍ പൊട്ടിക്കരഞ്ഞത്‌. അയാളത്‌ പ്രതീക്ഷിച്ചിരുന്നില്ല. എന്തെങ്കിലും ചോദിച്ച്‌ വിഷമിപ്പിക്കേണ്ടെന്ന്‌ അയാള്‍ കരുതി. അപ്പോള്‍ അവള്‍ പറഞ്ഞു. 
``എനിക്ക്‌ അച്ഛനില്ല. ഞാന്‍... ഞാനിപ്പോഴും തെരയ്യാണ്‌...''
- ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലായിരുന്നു - 
നഗ്നമായ സതൃത്തിന്‌ മുമ്പില്‍ അയാള്‍ നിശ്ചേതനായി. 
അയാളില്‍ ഉദ്ദ്വേഗം വളരുകയായിരുന്നു. അതൊരു കനലായി, നെരിപ്പോടായി, വെട്ടമായി, വെളിച്ചമായി, ജ്വാലയായി ഒടുവില്‍ ജീവിതത്തിന്റെ പ്രകാശമായി മാറാതിരിക്കില്ലെന്നയാള്‍ ആശ്വസിച്ചു. ജീവിതത്തിന്‌ അത്‌ െതളിച്ചം നല്‍കാതിരിക്കില്ല. 
അന്വേഷിക്കുക തന്നെ. എല്ലാം അന്വേഷിക്കുക. ഒന്നും ബാക്കി വെക്കാതെ എല്ലാം അറിയണം. എന്നിട്ട്‌... എന്നിട്ട്‌... 
പതിനേഴോ, പതിനെട്ടോ വയസ്സ്‌ മാത്രം പ്രായം വരുന്ന ഈ കുട്ടി തന്റെ ആരാണ്‌?.ഒരു നിയോഗം പോലെ, തന്റെ മനസ്സിനെ മഥിക്കാന്‍ മാത്രം, തന്റെ ഏകാന്തതകളെ പ്രകാശമാനമാക്കാന്‍ മാത്രം ഇവളാരാണ്‌ ?
ഇവളെങ്ങിനെ എനിക്ക്‌ മകളായി? ഇവള്‍ക്ക്‌ താനെങ്ങിനെ അച്ഛനായി ?
തന്റെ മാത്രം പരിചരണമായിരുന്നു അവള്‍ക്ക്‌. അതുകൊണ്ടു മറ്റാര്‍ക്കും അങ്ങോട്ട്‌ പ്രവേശനമുണ്ടായിരുന്നില്ല. 
നീണ്ട നിശബ്‌ദതക്ക്‌ പോറലേല്‍പ്പിച്ചു ചോദിച്ചു.
``എന്താണ്‌ നിന്റെ പ്രശ്‌നം ?''
``ഒന്നുമില്ല''
``പറഞ്ഞോളൂ... എന്തായാലും പറഞ്ഞോളൂ''
വിശ്വാസത്തിന്റെ തെളിച്ചം ആ കണ്ണുകളില്‍ തിളക്കമായി വിടര്‍ന്നു. കവിളുകളില്‍ അരുണിമ... ചുണ്ടില്‍ മന്ദഹാസം. 
വിശ്വാസം വന്നിട്ടെന്നപോലെ അവള്‍ പറയാന്‍ തുടങ്ങി.
- പെയ്‌തൊഴിയുന്ന മഴയെ ഏറ്റു വാങ്ങുന്ന ഭൂമിയെപ്പോലെയായിരുന്നു മനസ്സ്‌.
അയാള്‍ പതുക്കെ അവളെ ചേര്‍ത്തുനിര്‍ത്തി മാറോടണച്ചു.
ആ നെറ്റിയിലൊരുമ്മ നല്‍കണമെന്നും, കണ്ണുകളിലെ നനവ്‌ തുടക്കണമെന്നും വെമ്പി.
പക്ഷെ -
വാക്കുകള്‍ മുറിഞ്ഞു മുറിഞ്ഞു വീഴുകയായിരുന്നു.
``ധൈര്യമായിരിക്കൂ... ഞാന്‍ കൂടെയുണ്ടാവും''
ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ തേടുകയായിരുന്നു അയാള്‍.
അവളുടെ കണ്ണുകളില്‍ നക്ഷത്ത്രിളക്കം -
തുടുത്ത ആ കവിളിലും വിതുമ്പുന്ന അധരങ്ങളിലും ദീനമായ ആ നോട്ടത്തിലും വായിക്കാന്‍ ഏറെയുണ്ടായിരുന്നു. പറഞ്ഞുകേട്ടതിലും എത്രയോ ഏറെ.
എത്ര ദിവസം കഴിഞ്ഞുവെന്ന്‌ കൃത്യമായി ഓര്‍മ്മയില്ല. എല്ലാം ഒരേ താളത്തില്‍ ഇഴഞ്ഞു നീങ്ങിയ മണിക്കൂറുകള്‍. സമയം ചിറകു നഷ്‌ടപ്പെട്ട ഒരു കിളിയായി പതുങ്ങി നിന്നു. സഹനത്തിന്റെ ചില്ലു ജാലകങ്ങള്‍ തകരാന്‍ തുടങ്ങുന്നത്‌ അറിയാനാരംഭിക്കവെ -
യാത്രയായത്‌ ഒരു തെളിഞ്ഞ പ്രഭാതത്തിലായിരുന്നു. തിരക്കേറിയ നഗരം വിട്ടു കാര്‍ പതുക്കെ ഒരു വളവു തിരിഞ്ഞ്‌ ചെറിയൊരു പാലം കടന്നു നീങ്ങി. തണുത്ത കാറ്റിന്റെ മര്‍മ്മരം. താറിടാത്ത ചെമ്മണ്‍ പാതക്കരികിലൂടെ പുഴയൊഴുകുന്നു.
``നിര്‍ത്തൂ..''
വണ്ടി നിര്‍ത്തി പുറത്തേക്കിറങ്ങാന്‍ ഒരുങ്ങവെ കേട്ടു -
``സമയമായില്ല'' 
അവള്‍ വല്ലാതെ ധൃതി കാണിക്കുന്നുണ്ടായിരുന്നു. വാച്ചില്‍ ഇടക്കിടെ നോക്കിക്കൊണ്ടിരുന്നു.
``ശരി, പുറപ്പെട്ടോളൂ''
വണ്ടി നീങ്ങാന്‍, അത്‌ നിര്‍ത്തിയിരുന്നില്ല. ഏറെ പോയില്ല,അവള്‍ പറഞ്ഞു-
``ഇതാണ്‌ വീട്‌''
``നിര്‍ത്തിക്കോളൂ..''
ഒരിക്കല്‍, മുമ്പൊരിക്കല്‍, ഈ വീട്ടിന്‍ മുറ്റത്തെ തുളസിത്തറയില്‍ വിളക്കു വെക്കുന്ന ഒരു സന്ധ്യയില്‍ ദാവണിയുടുത്തൊരു പെണ്‍കുട്ടി ഗൌരവമുറ്റിയ മുഖവുമായി...
അത്‌.... അത്‌ .... ?
തിരയാന്‍ മനസ്സ്‌ കൊതിക്കവെ ഡോര്‍ തുറന്ന്‌ പിടിച്ച്‌ ഉദ്ദേ്വഗത്തോടെ,ഉന്മേഷത്തോടെ -

``അവരെത്തി.. വേഗം ഇറങ്ങിാക്കോളൂ..''
കൈകള്‍ പിടിച്ചവള്‍ മുന്നോട്ട്‌ നയിക്കുകയായിരുന്നു. നടക്കാന്‍ കഴിയുന്നതിലും വേഗത്തില്‍ ഒരു വല്ലാത്ത കിതപ്പോടെ -

ഉമ്മറത്ത്‌ കുശലം പറഞ്ഞിരിക്കുന്നവരോടായി അല്‍പം അഹന്ത കലര്‍ന്ന സ്വരത്തില്‍ -

``ഇതാ എന്റെ അച്ഛന്‍''
എന്നിട്ടൊരു കൊടുങ്കാറ്റായി നേരെ വീട്ടിനുള്ളിലേക്ക്‌ നോക്കി ഉറക്കെ - 
``അമ്മേ....... ! അച്ഛന്‍..''
- പെട്ടന്നവള്‍ ശബ്‌ദരഹിതയായി.കൊടുങ്കാറ്റിന്റെ ഒടുവിലെ നിശബ്‌ദതയായി പതുക്കെ വളരെ പതുക്കെ അകത്തേക്കുള്ള പടവുകള്‍ ചവിട്ടി കടന്നുപോയി.

No comments:

Post a Comment